കർണാൽ : ഹരിയാനയിലെ കർണാൽ ജില്ലയിലെ താരവാരി സ്റ്റേഷനിൽ ചരക്ക് ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന ചരക്കു ട്രെയിനാണ് പാളം തെറ്റിയത്.
പുലർച്ചയെ 4.40 ഓടെ യായിരുന്നു അപകടം. സംഭവത്തെ തുടർന്ന് ഡൽഹി – അംബാല റൂട്ടിലെ ട്രയിനുകൾ താത്കാലികമായി നിർത്തി വച്ചതായും ഇൻസ്‌പെക്ടർ ദിനേശ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. അതേസമയം അപകട കാരണം അന്വേഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ നിർവ്വാഹമില്ലെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം ഹരിയാനയിലെ ഫരീദാബാദ് റയിൽവെയ്സ്റ്റേഷനിൽ കൽക്കരി കയറ്റിവന്ന ചരക്കു ട്രെയിനിന്റെ 2 കോച്ചുകൾ പാളം തെറ്റിയിരുന്നു. അപകടത്തിൽ ആർക്കും പരിക്കുണ്ടായിരുന്നില്ല.