രണ്ട് മലകൾകളെ രണ്ടായി പിളർത്തുന്ന മനോഹരമായൊരു വെള്ളച്ചാട്ടം. ഒറ്റ നോട്ടത്തിൽ പാൽ പതഞ്ഞൊഴുകും പോലെ തോന്നും. കണ്ണിനും മനസിനും കുളിർമയേകുന്ന കാലാവസ്ഥയും പ്രകൃതിയും. മഴക്കാലത്ത് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് മികച്ചയിടം. മഞ്ഞ് മൂടി കിടക്കുന്ന മലയിലൂടെ കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടം കാണണമെങ്കിൽ ഇടുക്കിയിലേക്ക് വണ്ടി കയറണം.
സഞ്ചാരികളുടെ പ്രിയ ഇടമായ വാഗമണ്ണിലാണ് അധികമാർക്കും അറിയാത്ത ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വാഗമൺ നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ പാലൊഴുകും പാറയിലാണ് അതി മനോഹരമായ ഈ കാഴ്ച സമ്മാനിക്കുന്ന വെള്ളച്ചാട്ടമുള്ളത്.
വാഗമണ്ണിൽ നിന്ന് പൈൻവാലിയിലേക്കുള്ള വഴിയിൽ നിന്ന് വലത്തേക്ക് തിരിയണം. ഈ വഴിയെ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പാലൊഴുകും പാറയിലെ വിസ്മയ കാഴ്ച കാണാം. തേയിലത്തോട്ടങ്ങളും കുന്നുകളുമുള്ള പ്രദേശത്തിലൂടെയാണ് യാത്ര. അതുകൊണ്ട് തന്നെ പാലൊഴുകും പാറയിലേക്കുള്ള യാത്ര തീർച്ചയായും നവ്യാനുഭവമേകും.
വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ സഞ്ചാരികൾക്ക് അനുമതിയില്ലെങ്കിലും ഇതിനടുത്ത് ട്രെക്കിംഗിന് സൗകര്യമുണ്ട്. ചെറു കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെയായി കല്ലിട്ട വഴിയിലൂടെ മഴ നനഞ്ഞുള്ള യാത്ര നിങ്ങൾ ഉറപ്പായും ഇഷ്ടപ്പെട്ടും.