ടീമിനെ ജയിപ്പിക്കേണ്ട പെനാൽറ്റി നഷ്ടപ്പെടുത്തുന്നു, പിന്നാലെ കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരയുന്നു…ഷൂട്ടൗട്ടിൽ പെനാൽറ്റി എടുക്കാൻ വീണ്ടും പോർച്ചുഗൽ ക്യാപ്റ്റനെത്തി. ഇത്തവണ പക്ഷേ പിഴച്ചില്ല, പന്ത് വലയിലാക്കിയ ശേഷം ആരാധകരോട് ഇരു കൈകളും ഉയർത്തി മാപ്പ് പറയുകയായിരുന്നു സൂപ്പർ താരം. സ്ലൊവേനിയക്കെതിരെയുള്ള പ്രീക്വാർട്ടറിൽ കണ്ടത് അതി നാടകീയ നിമിഷങ്ങളായിരുന്നു.
പ്രതിഭകളുടെ ധാരാളിത്തവുമായെത്തിയ പോർച്ചുഗല്ലിനെ പോരാട്ടവീര്യം കൊണ്ട് തളയ്‌ക്കുന്ന സ്ലൊവേനിയയെയാണ് മൈതാനത്ത് കണ്ടത്. 105-ാം മിനിട്ടിലാണ് സ്ലൊവേനിയൻ ഗോൾകീപ്പർ ഒബ്ലാക് മത്സരത്തിലെ ഏറ്റവും മികച്ച സേവ് നടത്തിയത്. ഡിയാഗോ ജോട്ടയെ പെനാൽറ്റി ബോക്സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയെടുക്കാൻ നായകൻ എത്തുന്നു. റോണയുടെ വലംകാലൻ ഷോട്ട് വലത്തേക്ക് ഒബ്ലാക് ഒരു ഫുൾ ലെഗ്ത് ഡൈവിൽ പന്ത് തട്ടിയകറ്റി.
സ്റ്റേഡിയം സ്വിച്ച് ഇട്ടപോലെ നിശബ്ദമായി. ഇതിന് പിന്നാലെ റൊണോ കൊച്ചുകുട്ടികളെ പോല വാവിവിട്ട് നിലവിളിച്ചു. സഹതാരങ്ങള് വളരെ പാടുപെട്ടാണ് റൊണാൾഡോയെ ആശ്വസിപ്പിച്ചത്. മത്സരം ഷൂട്ടൗട്ടിലേക്ക് പോയപ്പോൾ പക്ഷേ കിക്കെടുക്കാനെത്തിയ റൊണോയ്‌ക്ക് പിഴച്ചില്ല. ഇത്തവണ ഒബ്ലാക്കിനെ മറികടന്ന് ലക്ഷ്യം കണ്ടു. ഇതിന് പിന്നാലെ ആഘോഷിക്കാൻ നിൽക്കാതെ ഇരുകൈകളുമുയർത്തി ആരാധകരോട് ക്ഷമ ചോദിക്കുകയായിരുന്നു റൊണോ. പോർച്ചുഗീസ് ഗോൾ കീപ്പർ ഡിയാഗോ കോസ്റ്റയുടെ മിന്നും സേവുകളാണ് പറങ്കികൾ ജീവനും ജയവും നൽകിയത്. ക്വാർട്ടറിൽ ഫ്രാൻസാണ് പോർച്ചുഗലിന്റെ എതിരാളികൾ.