ബെംഗളൂരു : നമ്മുടെ വിലപ്പെട്ട ഏതെങ്കിലും ഒരു വസ്തു നഷ്ടപ്പെട്ടാലുള്ള വേദന പറഞ്ഞറിയിക്കാനാകാത്തതാണ്. എന്നാൽ അത്തരത്തിൽ വിലപ്പെട്ടതായ ഒരു വസ്തു നഷ്ടപ്പെട്ടശേഷം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മുംബൈ സ്വദേശിനിയായ ആകാൻഷ സിംഗ്. തന്റെ പ്രിയപ്പെട്ട വജ്ര മോതിരമായിരുന്നു ആകാൻഷയ്ക്ക് കഴിഞ്ഞ ജൂൺ 30 ന് നഷ്ടമായത്. എന്നാൽ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ അത് തിരികെ കിട്ടിയതിന്റെ നിറവിലാണ് ആകാൻഷ ഇപ്പോൾ.
നഷ്ടപ്പെട്ടുപോയ തന്റെ വജ്ര മോതിരം തിരികെ തന്റെ കരങ്ങളിലെത്തിച്ച 2 സിഐഎസ്എഫ് ഉദ്യോഗസ്ഥരായ രാജേഷ് സിങ്ങിനും വിനയ് കുമാർ റായിക്കും നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ആകാൻഷ. എക്സിലൂടെയായിരുന്നു ആകാൻഷയുടെ നന്ദിപ്രകടനം. ആകാൻഷയുടെ വാക്കുകൾ ഇങ്ങനെ “ഇന്ന് ബംഗ്ലൂർ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എന്റെ വിലപ്പെട്ട വജ്ര മോതിരം നഷ്ടമായി. എന്നാൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ രാജേഷ് സിംഗിന്റെയും വിനയ് കുമാർ റായിയുടെയും സഹായത്താൽ എനിക്കത് തിരികെ ലഭിച്ചു. നിങ്ങളുടെ സഹായത്തിന് വളരെ നന്ദി “, എന്നായിരുന്നു ആകാൻഷയുടെ വാക്കുകൾ.
മണിക്കൂറുകൾക്കുള്ളിൽ തന്നെ 23,000 പേരാണ് ആ പോസ്റ്റ് കണ്ടത്. 700 ഓളം ലൈക്സും ലഭിച്ചു. രാജേഷ് സിംഗിനെയും വിനയ് കുമാർ റായിയെയും അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തത്. അതേസമയം അധികം വൈകാതെ സി ഐ എസ് എഫ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുള്ള മറുപടിയും ആകാൻഷയ്ക്ക് ലഭിച്ചു . ” ആശംസകൾ. നിങ്ങളുടെ യാത്ര സുരക്ഷിതവും സുഗമവുമാണോ എന്നുറപ്പ് വരുത്താൻ CISF എപ്പോഴും ഒപ്പമുണ്ട്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി”, എന്നായിരുന്നു അത്.