ലക്നൗ: ഹത്രാസിൽ നടന്ന സത് സംഗിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 87 ആയി. നിരവധി പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ മരിച്ച സംഭവം ഹൃദയഭേദകമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
ലോക്സഭയിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സർക്കാരുമായി കേന്ദ്രം ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരിൽ അധികവും. ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയിലുള്ളത്. ഹത്രാസിലെ രതിഭാൻപൂരിൽ നടന്ന സത് സംഗിനിടെയാണ് ദാരുണമായ അപകടം നടന്നത്. വേദിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു തിക്കിലും തിരക്കിലുപെട്ട് ആളുകൾ മരിച്ചത്.