ചെന്നൈ: ചെന്നൈയിൽ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വർദ്ധിക്കുന്നതായി കസ്റ്റംസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 167 കോടിയുടെ 267 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കേസിൽ മുതിർന്ന ഉദ്യോഗസ്ഥനെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ശ്രീലങ്കൻ പൗരനായ സാബിർ അലിയിൽ നിന്ന് സ്വർണം കണ്ടെടുത്തിരുന്നു. പേസ്റ്റ് രൂപത്തിലാക്കി മലാശയത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വർണം കടത്തുന്നതിനായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ചിരുന്നതായി സാബിർ അലി കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എയർപോർട്ട് അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.