ലക്നൗ: ഹത്രാസ് അപകടത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുകയാണ്. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും.
ഹത്രാസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടി ഹരി ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിലാണ് പ്രാർത്ഥന പരിപാടി നടന്നത്. പ്രാർത്ഥനാ യോഗത്തിൻറെ അവസാനത്തിൽ അനുഗ്രഹം തേടി ആളുകൾ തിരക്ക് കൂട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ആദ്യം വീണവരുടെ മുകളിലേക്ക് പിന്നാലെ എത്തിയവരും വീണതാണ് മരണസംഖ്യ വർദ്ധിപ്പിച്ചത്. ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവിലാണ്. ബാബയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.















