ശ്രീനഗർ : നാല്പതോളം അമർനാഥ് തീർത്ഥാടകരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈന്യം . അമർനാഥിൽ നിന്ന് പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് ബ്രേക്ക് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത് . ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്നാണ് ദേശീയ പാത 44ൽ ഉണ്ടാകേണ്ടിയിരുന്ന വൻ ദുരന്തം ഒഴിവാക്കിയത് .
നിയന്ത്രണം വിട്ട ബസ് നദിയിലേയ്‌ക്ക് മറിയുന്നത് തടയാനായിരുന്നു ആദ്യ ശ്രമം. ബസിന്റെ വേഗത കുറയ്‌ക്കാനും ശ്രമിച്ചു . ഇതിനായി സൈനികരും ,പോലീസുകാരും ചേർന്ന് ഏറെ പണിപ്പെട്ട് വാഹനത്തിന്റെ ടയറുകൾക്ക് താഴെ കല്ലുകൾ സ്ഥാപിച്ച് ബസ് നദിയിലേയ്‌ക്ക് വീഴുന്നത് തടഞ്ഞു.
അതിനിടെ, ചില യാത്രക്കാർ പരിഭ്രാന്തരായി വാഹനത്തിൽ നിന്ന് ചാടാൻ തുടങ്ങി. ഇത്തരത്തിൽ ചാടിയ 6 പുരുഷന്മാർക്കും , 3 സ്ത്രീകൾക്കും ഒരു കുട്ടിയ്‌ക്കും പരിക്കേറ്റു. ആർമി ക്വിക്ക് റിയാക്ഷൻ ടീമുകളും ആംബുലൻസും തൽക്ഷണം എത്തുകയും പരിക്കേറ്റ എല്ലാ ആളുകൾക്കും നച്ചലാനയിലെ പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ വൈദ്യസഹായവും പ്രഥമ ശുശ്രൂഷയും നൽകുകയും ചെയ്തു.
അമർനാഥ് യാത്രയ്‌ക്കായി ഇത്തവണ വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത് .















