ന്യൂഡൽഹി: നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റ് ടീമിലെ ഡെപ്യൂട്ടി എൻഎസ്എ ഉദ്യോഗസ്ഥരെ നിയമിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ. ടിവി രവിചന്ദ്രൻ, പവൻ കപൂർ എന്നിവരാണ് പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ. തൽസ്ഥാനത്ത് തുടർന്നിരുന്ന രാജേന്ദ്ര ഖന്ന അഡിഷണൽ എൻഎസ്എ ആയി നിയമിക്കപ്പെട്ടു.
1990 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ടിവി രവിചന്ദ്രൻ നിലവിൽ ഇന്റലിജൻസ് ബ്യുറോയിലെ സ്പെഷ്യൽ ഡയറക്ടറാണ്. 1990 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ പവൻ കപൂർ വിദേശത്ത് നിരവധി ദൗത്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടറിയേറ്റിൽ അന്താരാഷ്‌ട്ര സിവിൽ സെർവന്റായും പ്രവർത്തിച്ചു.
അതേസമയം അജിത് ഡോവൽ ഇത് മൂന്നാം തവണയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായെത്തുന്നത്. 1945 ൽ ഉത്തർപ്രദേശിലെ പൗരി ഗർവാളിലാണ് അജിത്ത് ഡോവലിന്റെ ജനനം. 1968 ൽ ഐപിഎസിൽ ചേർന്ന അദ്ദേഹത്തിന് 1988 ൽ തന്റെ വിശിഷ്ട സേവനങ്ങൾക്ക് രാജ്യം കീർത്തി ചക്ര നൽകി ആദരിച്ചു. ഇന്ത്യൻ പൊലീസ് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥൻ കൂടിയാണ് അജിത് ഡോവൽ.















