ആലപ്പുഴ: അമ്മ മരിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെയുണ്ടെന്നാണ് വിശ്വാസമെന്നും മകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാണെന്നും കുട്ടി ആവർത്തിച്ചു.
അനിൽകുമാറിന്റെ കുടുംബം കലയുടെ മകനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നുള്ള സംശയവും ഉയരുന്നുണ്ട്. പൊലീസ് അന്വേഷണം വഴിതെറ്റിക്കുകയാണെന്നും അമ്മ ജീവനോടെയുണ്ടെന്നുമാണ് അനിൽകുമാർ മകനെ ധരിപ്പിച്ചിരിക്കുന്നത്. കലയുടെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ ഭർത്താവ് അനിൽകുമാറിനെ ഇസ്രായേലിൽ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു.
അതേസമയം കലയുടെ കൊലപാതകം വിവാഹേതര ബന്ധത്തിൽ പേരിലുള്ള സംശയത്തിന്റെ പുറത്താണെന്ന എഫ്ഐആർ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അറസ്റ്റിലായ നാല് പ്രതികളും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.