എറണാകുളം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കടിഞ്ഞാണിടാനൊരുങ്ങി സിനിമാ നിർമ്മാതാക്കൾ. അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്‌ക്ക് നിർമ്മാതക്കൾ കത്ത് നൽകി. കേന്ദ്രസർക്കാരിന്റെ ഉദ്ദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ, ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ സ്ഥാപനങ്ങൾ ഫെഫ്കയ്‌ക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും.
കേന്ദ്രസർക്കാരിന്റെ തൊഴിൽ സംരംഭമായ ഉദ്ദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത മാദ്ധ്യമസ്ഥാപനത്തിന് മാത്രമേ നിർമ്മാതാക്കളുടെ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പുതിയ മാനദണ്ഡം. ഇതിനായി ഫെഫ്കയുടെ അംഗീകൃത പിആർഒമാരെ ചുമതലപ്പെടുത്തി. അവർ മുഖേന നിർമ്മാതകളുടെ സംഘടനയ്‌ക്ക് 20ന് മുമ്പായി കത്ത് നൽകണം. അതിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ടാൻ നമ്പർ, ഉദ്ദ്യം പോർട്ടൽ വിവരങ്ങൾ, ജിഎസ്ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. ഫെഫ്ക കത്തുകൾ പരിശോധിച്ചതിന് ശേഷം നൽകുന്ന അക്രഡിറ്റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങൾ, ഓൺലൈൻ പ്രമോഷന്റെ ഭാഗമായി നടിമാർക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഓൺലൈൻ മീഡിയയെ ഫെഫ്ക നിയന്ത്രിക്കാനൊരുങ്ങുന്നത്.















