ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ട്- രണ്ടര ദിവസത്തിനുള്ളിൽ 70 ഓളം എംപിമാരാണ് ചർച്ചയിൽ പങ്കെടുത്തതെന്നും രാഷ്‌ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ച സമ്പന്നമാക്കിയതിൽ എല്ലാ എംപിമാരോടും നന്ദി പറയുന്നതായും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെയും പാർലമെന്റിന്റെയും ചരിത്രത്തിൽ ദശാബ്ദങ്ങൾക്ക് ശേഷമാണ് മൂന്നാമതും ഒരേ സർക്കാരിന് തുടരാനുള്ള അവസരം ജനങ്ങൾ നൽകിയരിക്കുന്നത്. ദുഷ്പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു. കേന്ദ്രസർക്കാരിന്റെ പ്രകടനത്തെയാണ് അവർ പരിഗണിച്ചത്. പത്ത് വർഷം തുടർച്ചയായി ഭരിച്ചതിന് ശേഷം കേന്ദ്രസർക്കാരിന് അനുകൂലമായ ജനവിധിയുണ്ടാകുന്നത് 60 വർഷങ്ങൾക്ക് ശേഷമാണ്. ഇതൊരു സാധാരണ സംഭവമല്ല. എന്നിട്ടും ചിലയാളുകൾ ജനവധിയെ ബ്ലാക്കൗട്ട് ചെയ്യാൻ മനഃപൂർവം ശ്രമിക്കുകയാണ്.
കേവലം കുറേ അനുച്ഛേദങ്ങളുടെ സമാഹാരമല്ല ഭരണഘടന. ബാബ സഹേബ് അംബേദ്കർ നൽകിയ ഭരണഘടന കൊണ്ട് താൻ ഉൾപ്പടെയുള്ള പലർക്കും ഇന്ന് പല പദവികളിലും എത്താൻ കഴിഞ്ഞു. രാജ്യത്തെ ഓരോ പ്രവർത്തനങ്ങൾക്കും ലൈറ്റ് ഹൗസ് പോലെ പ്രവർത്തിച്ച് ഭരണഘടന നേർവഴി കാണിക്കുന്നു. ഭരണഘടനാ ദിനം ആചരിക്കാൻ ആരംഭിച്ചത് പോലും എൻഡിഎ സർക്കാരാണ്. റിപ്പബ്ലിക്കിന്റെ 50-ാം വാർഷികം രാജ്യം മുഴുവൻ ആഘോഷിക്കും. ആത്മനിർഭര ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനാണ് രാജ്യത്തെ കോടാനുകോടി ജനങ്ങൾ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തത്. ഓട്ടോമാറ്റിക്കായും റിമോട്ട് കൺട്രോൾ ഉപയോഗിച്ചും സർക്കാർ നടത്തിയവരാണ് കോൺഗ്രസുകാർ. എന്നാൽ കഠിനാധ്വാനത്തിൽ ഒരു കുറവും എൻഡിഎ സർക്കാർ വരുത്തിയില്ല. കഴിഞ്ഞ പത്തുവർഷത്തെ പ്രകടനം സ്റ്റാർട്ടർ മാത്രമാണ്. പ്രധാന സദ്യ വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന അഞ്ചുവർഷം ദാരിദ്ര്യനിർമാർജനത്തിൽ ഊന്നി പ്രവർത്തിക്കും. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ എൻഡിഎ സർക്കാർ വിജയിക്കുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നരേന്ദ്രമോദിയുടെ പ്രസംഗം തുടങ്ങിയപ്പോൾ മുതൽ ബഹളം ആരംഭിച്ച പ്രതിപക്ഷം ഇടയ്‌ക്ക് വച്ച് സഭയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.















