പത്തനംതിട്ട: മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ സിനിമ വീണ്ടും 4K മികവോടെ റീ-റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിലെ പാട്ടുകൾ എല്ലാം വീണ്ടും നമ്മുടെ മനസിലേക്ക് ഓടിയെത്തുകയാണ്. ചിത്രത്തിലെ പാട്ടുകൾ വച്ചുള്ള റീൽസുകൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിച്ചു. അത്തരത്തിൽ ട്രെൻഡിനൊപ്പം പോകാൻ ശ്രമിച്ചതാണ് തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരും. എന്നാൽ വളരെപെട്ടന്നായിരുന്നു ട്രെൻഡ്, ട്രാജഡി ആയത്..
സർക്കാർ ഓഫീസിനുള്ളിൽ ജോലിസമയത്ത് റീൽസ് ചിത്രീകരിച്ചതിന് 8 ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും വിശദീകരണം തൃപ്തികരം അല്ലെങ്കിൽ കർശന അച്ചടക്ക നടപടിയെടുക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ദേവദൂതനിലെ ”പൂവേ പൂവേ പാലപ്പൂവേ” എന്ന ഗാനത്തിനിടയ്ക്ക് വരുന്ന ”താഴ്വാരങ്ങൾ പാടുമ്പോൾ താമരവട്ടം തളരുമ്പോൾ, ഇന്ദുകളങ്കം ചന്ദനമായെൻ കരളിൽ പെയ്തു” എന്ന വരികൾക്കാണ് ഉദ്യോഗസ്ഥർ റീൽസ് ചെയ്തത്. ഇതിനിടയിൽ മറ്റ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെയാണ് സംഭവം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.