പ്രകൃതിയോട് ഇണങ്ങി ജീവിച്ചാൽ മാത്രമാണ് ഓരോ ജീവജാലങ്ങൾക്കും നിലനിൽപ്പുള്ളൂ. പരിസ്ഥിതിയെ കാത്തു പരിപാലിച്ചാൽ മാത്രമേ ആവാസ വ്യവസ്ഥയും സമ്പദ് വ്യവസ്ഥയും നിലനിൽക്കൂ. മലയാളിയുടെ പരിസ്ഥിതി സ്നേഹം പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച് അന്ന് തന്നെ കെട്ടടങ്ങുന്നതാണ്. എന്നാൽ തന്റെ തലമുറയ്‌ക്കും വരും തലമുറയ്‌ക്കും തണലൊരുരുക്കാനുള്ള പരിശ്രമത്തിലാണ് എട്ട് വയസുകാരി. കോഴിക്കോട് വേങ്ങേരി സ്വദേശിയായ ദേവികയാണ് ലോകത്തിന് തന്നെ മാതൃകയാകുന്നത്.
വിവിധ പാതയോരങ്ങളിലായി 447 വൃക്ഷത്തൈകളാണ് എട്ട് വയസിനിടെ ദേവിക നട്ടത്. ക്ഷേത്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും വൃക്ഷത്തെെ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ ഇവിടങ്ങളിലെത്തി ചെടി പരിപാലനത്തിലും ദേവിക ശ്രദ്ധ ചെലുത്തുന്നുണ്ട്. കർണാടകയിലും ഈ കുഞ്ഞു മിടുക്കി വൃക്ഷത്തൈ നട്ടിട്ടുണ്ട്. 100 വൃക്ഷത്തൈകൾ നടണമെന്നതാണ് ഈ കെച്ചുമിടുക്കിയുടെ ഇനിയുള്ള ആഗ്രഹം.
സ്കൂളിൽ നിന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലഭിച്ച വൃക്ഷത്തൈകളാണ് ദേവികയുടെ ഉള്ളിലുള്ള കരുതലും പ്രകൃതി സ്നേഹവും പുറത്തെടുത്തത്. സ്കൂളിൽ മിച്ചം വന്ന 16 തൈകൾ സ്കൂൾ അധികൃതർ ദേവികയ്‌ക്ക് നൽകുകയായിരുന്നു. വീട്ടിലെ സ്ഥല പരിമിധിയാണ് വൃക്ഷത്തൈകൾ റോഡരികിലും പാതയോരങ്ങളിലും നടാൻ കാരണമായത്. പിതാവിന്റെ പിന്തുണയോടെയായിരുന്നു തൈ നടൽ. അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ പ്രഫ.ടി. ശോഭീന്ദ്രനാണ് ദേവികയുടെ പ്രയത്‌നത്തിന് തുടക്കമിട്ടത്.

ഭൂമി എന്ന അമ്മയ്‌ക്ക് യാതൊരു വിധത്തിലുള്ള ദോഷവും വരാതെ നോക്കാൻ ഈ കൊച്ചുമിടുക്കി നിരന്തരം ശ്രമിക്കുന്നുണ്ട്. വൃക്ഷത്തൈ പരിപാലനത്തിന് പുറമേ പൊതുസ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ തുടങ്ങിയവ ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറാനും ദേവിക മറക്കാറില്ല. അടുക്കള മാലിന്യം കമ്പോസ്റ്റാക്കി ചെടികൾക്കും വാഴയ്‌ക്കും വളമായി നൽകുമെന്ന് ദേവിക പറയുന്നു. നാട്ടിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ വെങ്ങേരി ബാബു കരിയില കമ്പോസ്റ്റ് ആശയത്തിലേക്കും ദേവികയെ എത്തിച്ചിട്ടുണ്ട്.
കേരളത്തിലും കർണാടകയിലുമുള്ള പ്രമുഖരായ 180-ൽ പരം വ്യക്തികൾ ദേവികയെ ആദരിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ മന്ത്രി ശശീന്ദ്രൻ, തുടങ്ങി ദേവികയെ ആദരിച്ചവരുടെ നിര നീളുകയാണ്.
എല്ലാ ദിവസവും പരിസ്ഥിതി ദിനമായി കണക്കാക്കി പ്രകൃതിയെ വീണ്ടെടുക്കാനുള്ള ഈ കൊച്ചുമിടുക്കിയുടെ പ്രതിബദ്ധതയ്‌ക്ക് സമൂഹം കയ്യടിക്കുകയാണ്. ചെറിയ ചുവടുവയ്പ്പിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ദേവികയുടെ പരിശ്രമം നമുക്കും മാതൃകയാക്കാം. നമുക്കും പങ്കുച്ചേരാം, വീണ്ടെടുക്കാം ഭൂമിദേവിയെ..















