പാമ്പുകളെയും ഉരഗങ്ങളെയും കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും അനാവശ്യമായ പേടിയുമൊക്കെ നാട്ടിൽ സർവസാധാരണമാണ്. അവയെ അടുത്ത് നിന്ന് ആശങ്കയില്ലാതെ കാണാൻ നമുക്ക് സാധിക്കാറില്ല. ഇതിന് പരിഹാരം കാണുകയാണ് തിരുവനന്തപുരം മൃഗശാലയിലെ റെപ്‌റ്റൈൽ സെന്റർ. വിനോദത്തിനപ്പുറത്തേക്ക് ശാസ്ത്രബോധം കൂടി പകർന്ന് നൽകുന്നതാണ് ഇവിടുത്തെ ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളുടെ പ്രദർശനം.
മൃഗശാലയിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം കൂടിയാണ് പാമ്പുകളും മാറ്റ് ഉരഗങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന റെപ്‌റ്റൈൽ സെന്റർ. മനുഷ്യനെ ഉടലോടെ വിഴുങ്ങാൻ ശേഷിയുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ, പെരുമ്പാമ്പ്, മൂർഖൻ, രാജവെമ്പാല, ഗ്രീൻ അനക്കോണ്ട തുടങ്ങി സിനിമകളിലും ചിത്രങ്ങളിലും കണ്ടിട്ടുള്ള ഉരഗവർഗങ്ങളെ നേരിൽ കാണാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. നാട്ടിൻ പുറത്ത് കണ്ടുവരുന്ന പലവിധ പേരുകളിൽ അറിയപ്പെടുന്ന പൂച്ചക്കണ്ണൻ, നാഗത്താൻ, വില്ലൂന്നി തുടങ്ങിയ പാമ്പുകളേയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. നക്ഷത്ര ആമയും ഇരുതലമൂരിയും കുട്ടികൾ ഉൾപ്പെടെ ഉള്ളവരെ ആകർഷിക്കുന്നവയാണ്. ചേരയും കാട്ടുപാമ്പും നീർക്കോലിയും തുടങ്ങി നമുക്ക് സുപരിചിതമായ ഉരഗവർഗങ്ങളും റെപ്‌റ്റൈൽ സെന്ററിൽ ഇടം പിടിച്ചിട്ടുണ്ട്.
പാമ്പുകളെ കുറിച്ച് പൊതുവെയുള്ള തെറ്റിദ്ധാരണകളും ഇവിടെ വന്നാൽ മാറിക്കിട്ടും. എല്ലാ പാമ്പുകളും വിഷമുള്ളവയല്ല. ഇവ പൊതുവെ നിരുപദ്രവകാരികളാണ്. വിഷമില്ലാത്ത പാമ്പുകളെ പ്രത്യേകമായി പ്രദർശിപ്പിച്ചിട്ടുണ്ട്.. ചില്ലു കൂടുകൾക്ക് പുറത്തുനിന്ന് ഇവയെ അടുത്തുകാണാനുള്ള അവസരം എന്നതിലുപരി പാമ്പുകളെയും ഉരഗങ്ങളെയും കുറിച്ചുള്ള പൊതുകാഴ്ചപ്പാടുകൾ മാറ്റാൻ റെപ്‌റ്റൈൽ സെന്റർ തീർച്ചയായും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടുന്ന സ്ഥലമാണ്.