ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ മറുപടി നൽകുന്നതിനിടെ ബഹളം വച്ചതിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം. സത്യം പറഞ്ഞപ്പോൾ കള്ളം പ്രചരിപ്പിച്ച കൂട്ടർക്ക് അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നീക്കത്തെ പ്രധാനമന്ത്രി വിമർശിച്ചു.
ലോക്സഭയിൽ ബഹളം വയ്‌ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷം സ്വീകരിച്ച ശൈലി. എന്നാൽ അത് വിലപോയില്ല. അതുകൊണ്ടാണ് ഇന്നവർ മൈതാനം വിട്ടുപോയതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
നുണകൾ പ്രചരിപ്പിക്കുന്നവർക്ക് സത്യം കേൾക്കാനുള്ള ശക്തിയില്ലെന്ന് പ്രതിപക്ഷത്തിന്റെ നീക്കത്തിൽ നിന്നും രാജ്യത്തിന് മനസിലായെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സത്യത്തെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തവർക്ക് ചർച്ചയിൽ ഉയർന്ന ചോദ്യങ്ങളുടെ ഉത്തരം കേൾക്കാനും ധൈര്യമില്ല. ഉപരിസഭയുടെ മഹത്തായ പാരമ്പര്യത്തെയാണ് പ്രതിപക്ഷ അപമാനിച്ചിരിക്കുന്നതെന്ന് പ്രധാമന്ത്രി വിമർശിച്ചു.
പ്രതിപക്ഷ നടപടിക്കെതിരെ രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയുമായ ജഗ്ദീപ് ധൻകറും വിമർശനമുയർത്തി. മര്യാദയില്ലാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നും ഉപരിസഭ രാജ്യത്തിന് മാതൃകയാകേണ്ടതുണ്ടെന്നും ഉപരാഷ്‌ട്രപതി ഓർമിപ്പിച്ചു.















