എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തിൽ വൻ കുതിപ്പിന് ലക്ഷ്യമിട്ട് എയർ ഇന്ത്യ. വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്‌വെയർ നൽകാൻ ഐബിഎസുമായി കരാർ ഒപ്പുവച്ചു.
എയർ ഇന്ത്യയുടെ എയർ കാർഗോ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യാൻ ‘ഐ-കാർഗോ സൊല്യൂഷൻ’ എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്ഫോമിൽ എൻഡ് ടു എൻഡ് കാർഗോ പ്രവർത്തനങ്ങൾ തടസമില്ലാതെ സംയോജിപ്പിക്കാൻ ഇതുവഴി സാധിക്കും. ഇതോടെ കർഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണ് എയർ ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്.
എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസുകൾ, ഫ്ലീറ്റ്, കാർഗോ ഓപ്പറേഷൻസ് തുടങ്ങിയവയിലാണ് പുതിയ ഡിജിറ്റലൈസേഷൻ. ഒൻപത് മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. 2030-ഓടെ പ്രതിവർഷം 10 ദശലക്ഷം ടൺ എയർ കാർഗോ കൈകാര്യം ചെയ്യുകയെന്നതാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ ചീഫ് കമേഴ്ഷ്യൽ ആൻഡ് ട്രാൻസ്ഫർമേഷൻ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു.