കാബൂൾ: അഫ്ഗാനിൽ ജോലിചെയ്ത് ജീവിക്കാൻ താലിബാന്റെ അനുമതി ലഭിച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് ഫ്രോസൻ അഹ്മദ്‌സായി. പക്ഷെ തനിക്ക് കിട്ടിയ ഭാഗ്യമോർത്ത് അവർ സന്തോഷിക്കുന്നില്ല. കാരണം തന്റെ സ്വപ്നങ്ങൾ തച്ചുടച്ച താലിബാന്റെ ഔദാര്യത്തെ മറ്റുമാർഗങ്ങളില്ലാത്തതുകൊണ്ട് മാത്രം സ്വീകരിച്ച പെൺകുട്ടിയാണ് ഫ്രോസൻ. പെൺകുട്ടികൾക്ക് സർവകലാശാലകളിൽ വിലക്കേർപ്പെടുത്തിയ താലിബാൻ ഒരു ഡോക്ടർ ആകണമെന്ന ഫ്രോസന്റെ സ്വപ്നങ്ങൾക്കും താഴിട്ടു.
വിദ്യാഭ്യാസം തുടർന്നിരുന്നെങ്കിൽ ഈ വർഷം അവൾ തന്റെ ബിരുദപഠനം പൂർത്തിയാക്കുമായിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു. രോഗികളുടെ മുറിവുകൾ തുന്നിക്കെട്ടേണ്ടിയിരുന്ന അവളുടെ കൈകൾ ഇന്ന് കമ്പിളി പുതപ്പുകൾ നെയ്യുന്നു. മരുന്നുകളെക്കുറിച്ച് പഠിക്കേണ്ടവൾ ഉപജീവനത്തിനായി അച്ചാറുകൾ നിർമ്മിക്കുന്നു. ഇത് മാത്രമാണ് താലിബാൻ അഫ്ഗാനിലെ സ്ത്രീകൾക്ക് നൽകുന്ന സ്വാതന്ത്ര്യം- തയ്യലും ഭക്ഷണം പാകം ചെയ്യലും. ഒരിക്കൽ അധ്യാപികമാരും ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെയായിരുന്ന അഫ്ഗാനിലെ സ്ത്രീകൾ ഇന്ന് ഈ തൊഴിലുകളാണ് ചെയ്യുന്നത്.
2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം ദുസ്സഹമായി തീർന്നിരിക്കുകയാണ്. ആറാം ക്ലാസ്സുവരെ മാത്രമാണ് പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം. പൊതുസ്ഥലങ്ങളിലോ പാർക്കുകളിലോ സ്ത്രീകൾക്ക് പ്രവേശനമില്ല. വസ്ത്രധാരണത്തിലും കർശനമായ നിയമങ്ങൾ നടപ്പിലാക്കി. ലോകബാങ്കിന്റെ കണക്കുകൾ അനുസരിച്ച് അഫ്ഗാനിൽ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം വെറും 4.8% മാത്രമാണ്.