ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആഭ്യന്തര വിപണിയെ ഉത്തേജിപ്പിച്ചതിനൊപ്പം ആഗോളതലത്തിലും സ്വാധീനം ചെലുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ പരിവർത്തനം ചെയ്യുമ്പോൾ ഇതിന്റെ പ്രതിഫലനം ലോകമാകെ വ്യാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമ്പദ്‌വ്യസ്ഥ 10-ാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. അഞ്ചിൽ നിന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യസ്ഥയാക്കാനുള്ള നിയോഗം ഞങ്ങൾക്ക് ലഭിച്ചു, അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുഗതാഗത രംഗത്ത് പ്രകടമായ മാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിന്റെ നേട്ടങ്ങൾ ഇന്ന് എല്ലാ മേഖലകളിലും പ്രകടമാണ്. സ്വശ്രയ സംഘങ്ങളിലൂടെ ഒരു കോടിയിലധികം സ്ത്രീകൾ ‘ലക്ഷാധിപതി ദീദികൾ’ ആയി മാറി. അടുത്തഘട്ടത്തിൽ, ഇവരുടെ എണ്ണം 3 കോടി ആയി ഉയർത്തും. കൃഷിയിടത്തിൽ തുടങ്ങി വിപണി വരെ നീളുന്ന കൃത്യമായ ആസൂത്രണത്തിലൂടെ കഴിഞ്ഞ പത്ത് വർഷം കൊണ്ട് കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ സർക്കാരിന് സാധിച്ചതായും, പ്രധാനമന്ത്രി പറഞ്ഞു.















