ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും സമാധാനം ഉറപ്പാക്കാനും വികസനം നടപ്പാക്കാനും സർക്കാരിന് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരണത്തിന് കീഴിൽ വടക്ക് കിഴക്കൻ മേഖലയെ പൂർണമായും അവഗണിച്ചിരുന്നു. മണിപ്പൂരിലെ സംഘർഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമാധാനം നിലനിർത്താൻ സാധ്യമാകുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മണിപ്പൂരിലെ പ്രശ്നം ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർ പിന്മാറണമെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള ശക്തമായ പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. സംഘർഷവുമായി ബന്ധപ്പെട്ട് 11,000 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 500 പേർ അറസ്റ്റിലായി. മണിപ്പൂരിലെ സംഘർഷങ്ങൾ വളരെയധികം കുറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഠിനമായ പരിശ്രമത്തിലാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ ആഴ്ചകളോളം കാമ്പ് ചെയ്താണ് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിച്ചത്. മേഖലയിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും കേന്ദ്രസംഘം ഉടൻ സ്ഥലത്തെത്തി പ്രവർത്തിച്ചു. മണിപ്പൂരിലെ പ്രശ്നം വീണ്ടും ആളിക്കത്താൻ വേണ്ട ഇന്ധനം നൽകുന്നവരോട് ഒന്നേ പറയാനുള്ളൂ. എരിതീയിൽ എണ്ണ ഒഴിക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്. മണിപ്പൂരിലെ സംഘർഷത്തിന് വലിയ ചരിത്രമുണ്ട്. 1993 ൽ നടന്ന മണിപ്പൂർ കലാപം അഞ്ച് വർഷമാണ് നീണ്ടുനിന്നത്. ഇതേ കാരണത്താൽ കോൺഗ്രസ് പത്ത് തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സ്ഥലമാണ് മണിപ്പൂർ എന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.