കണ്ണൂർ: ഏച്ചൂരിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷാണ് വാഹനം ഓടിച്ചത്. കാൽനടയാത്രക്കാരിയായ മുണ്ടേരി സഹകരണ സംഘം ജീവനക്കാരി ബീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം നടന്നത്. അമിത വേഗത്തിൽ എത്തിയ കാറിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. റോഡിന്റെ അരികിലൂടെയായിരുന്നു ബീന നടന്നിരുന്നത്. എന്നാൽ ഇടിയുടെ ആഘാതത്തിൽ ബീന തെറിച്ചുവീണു.
തുടർന്ന് നാട്ടുകാർ ചേർന്നാണ് ബീനയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും ബീന മരിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനം ഓടിച്ചത് പൊലീസുകാരനായ ലിതേഷാണെന്ന് മനസിലായത്. ഇയാൾക്കെതിരെ കേസെടുത്തതായും വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.















