ലക്നൗ: ഉത്തർപ്രദേശിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ച് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. ഹത്രാസിൽ സത് സംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച ദാരുണാപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രേഖാ ശർമ സംഭവസ്ഥലത്തെത്തിയത്. അപകടത്തിൽ 28 പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
വസ്തുതാപരമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഹത്രാസിലെത്തിയതെന്ന് രേഖാ ശർമ പ്രതികരിച്ചു. അധികാരികളുമായി വിഷയം സംസാരിച്ചു. അധികൃതർ സമർപ്പിക്കുന്ന റിപ്പോർട്ടിൽ പോരായ്മകൾ കണ്ടെത്തിയാൽ വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകും. രണ്ട് ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾ സംസാരിക്കാൻ മുന്നോട്ട് വരുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. നിരക്ഷരതയുടെ തോത് ഇക്കാര്യത്തിൽ നിന്ന് അനുമാനിക്കാവുന്നതാണ്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. സത് സംഗ് സംഘടിപ്പ ഗുരു ആരായിരുന്നാലും അയാൾക്കെതിരെയും കേസെടുക്കണം. പരിപാടിയുടെ ഒരു ഫോട്ടോയിലും അയാൾ ഉൾപ്പെട്ടിട്ടില്ല. തെളിവില്ലെന്ന് വരുത്തി തീർത്ത് രക്ഷപ്പെടാനാണ് ശ്രമം. സത് സംഗിന് വന്നവരുടെ ഫോണുകൾ അയാൾ വാങ്ങി വച്ചിരുന്നു. അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് പൊലീസ് കണ്ടെത്തും. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ് എന്നത് ആശങ്കാജനകമായ വസ്തുതയാണ്. നിരക്ഷരരായ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമായിരുന്നു. ഇത്തരം ഗുരുക്കളെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം നൽകുക എന്നുള്ളതും പ്രധാനപ്പെട്ടതാണ്. അധികാരികളുടെ ഭാഗത്ത് നിന്ന് വിശദമായ റിപ്പോർട്ട് തേടിയുണ്ടെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.