സമൂഹമാദ്ധ്യമങ്ങളിൽ മഞ്ജുവാര്യർ പങ്കുവയ്‌ക്കുന്ന ഓരോ ചിത്രങ്ങളും അതിവേഗം ശ്രദ്ധ നേടാറുണ്ട്. ബൈക്ക് ഓടിക്കുന്നതിനെ കുറിച്ചുള്ളതാണ് താരത്തിന്റെ പുതിയ പോസ്റ്റ്. ചെളിയിൽ വീണ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒപ്പം യാത്ര മനോഹരമാക്കിയ സുഹൃത്തുക്കളെ കുറിച്ചും മഞ്ജു പറയുന്നുണ്ട്.
‘ചെളിയിൽ വീണും എഴുന്നേറ്റും പഠിച്ചുകൊണ്ടേ ഇരിക്കുന്നു.’- എന്ന അടിക്കുറിപ്പോടെയാണ് ചെളിയിൽ വീണ ബൈക്കിന്റെയും തന്റെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇത്രയും രസകരമായ യാത്ര സമ്മാനിച്ചതിന് സുഹൃത്തുക്കളായ ബിനീഷ് ചന്ദ്ര, അബ്രു എന്നിവർക്കും നടി നന്ദി പറഞ്ഞിട്ടുണ്ട്.

ബൈക്കിന്റെ വശങ്ങളിലും മഞ്ജുവിന്റെ ശരീരത്തിലും ചെളി പുരണ്ടിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. അന്ന ബെന്‍, ഗീതു മോഹന്‍ദാസ്, ശോഭിത ധുലിപാല, റിമ കല്ലിങ്കല്‍, ശിവദ തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജുവിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
നടൻ അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റൈഡ് പോയതിന് ശേഷമാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് പലപ്പോഴായി മഞ്ജു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്കാണ് നടിയുടേത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് 28 ലക്ഷം രൂപയാണ് വില.















