ന്യൂഡൽഹി: ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ മറ്റ് എംപിമാർ മുദ്രവാക്യം വിളിക്കാൻ പാടില്ലെന്ന നിർദേശം നൽകി സ്പീക്കർ ഓം ബിർള. ഇതിന്റെ ഭാഗമായി സ്പീക്കറുടെ നിർദേശങ്ങളിൽ ഉപവാക്യം (2)ന് ശേഷം ഉപവാക്യം (3) കൂടി കൂട്ടിച്ചേർത്തു. ഭേദഗതി വരുത്തിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായും സത്യപ്രതിജ്ഞ ചടങ്ങിനിടെ ബഹളം വയ്‌ക്കുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓം ബിർള പറഞ്ഞു.
”ചില എംപിമാരുടെ സത്യപ്രതിജ്ഞയ്‌ക്കിടെ മറ്റ് എംപിമാർ മുദ്രാവാക്യം വിളിച്ച് ബഹളം വച്ചതിനെ തുടർന്നാണ് പുതിയ നിർദേശം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ഇതുപ്രകാരം സത്യപ്രതിജ്ഞയ്‌ക്കിടെ മറ്റുള്ളവർ വാക്കാൽ ഉള്ള പദപ്രയോഗമോ, ആംഗ്യങ്ങളോ മറ്റ് ചേഷ്ടകളോ നടത്താൻ പാടില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.”- ഓം ബിർള പറഞ്ഞു.
സത്യപ്രതിജ്ഞയ്‌ക്കിടെ ചില അംഗങ്ങൾ ‘ജയ് സംവിധാൻ’ മുദ്രാവാക്യങ്ങളും, ഒരു അംഗം ‘ജയ് പാലസ്തീൻ’ മുദ്രാവാക്യവും ഉയർത്തിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങൾക്ക് തടയിടുന്നതിനായി പ്രത്യേക പാനലിനും അദ്ദേഹം രൂപം നൽകും. 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നലെയായിരുന്നു അവസാനിച്ചത്. പുതിയ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ സമ്മേളനത്തിനിടയിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനിടയിലാണ് മുദ്രാവാക്യങ്ങൾ ഉയർന്നത്.















