വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുമെന്നും, ഇന്ത്യയ്‌ക്ക് അതിനുള്ള എല്ലാ അവകാശവും ഉണ്ടെന്നും അസിസ്റ്റന്റ് യുഎസ് അറ്റോർണിയും ക്രിമിനൽ അപ്പീൽ മേധാവിയുമായ ബ്രാം ആൽഡൻ. തന്നെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ തഹാവൂർ റാണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ റാണയെ ഇന്ത്യയെ ഇന്ത്യയ്‌ക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കീഴ്‌ക്കോടതി വിധികൾ ശരിയാണെന്നും ബ്രാം ആൽഡൻ ചൂണ്ടിക്കാട്ടി.
” കീഴ്‌ക്കോടതി ഈ വിഷയത്തിൽ ശരിയായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വ്യവസ്ഥകൾ പ്രകാരം റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ കഴിയും. 169 പേരുടെ മരണത്തിനും 239 പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ ഭീകരാക്രമണത്തിൽ അയാളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടി പ്രകാരം ഇന്ത്യയ്‌ക്ക് അതിനുള്ള അവകാശമുണ്ടെന്നും” ആൽഡൻ പറയുന്നു. പാക് ഭീകരസംഘടനയ്‌ക്ക് റാണ സഹായം നൽകിയതിന് തെളിവുകൾ ഉണ്ടെന്നും ആൽഡൻ ചൂണ്ടിക്കാട്ടി.
മുംബൈ ഭീകരാക്രമണം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ചിക്കാഗോയിലെ എഫ്ബിഐ റാണയെ അറസ്റ്റ് ചെയ്തിരുന്നു. റാണയും സുഹൃത്തായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും ചേർന്ന് ആക്രമണം നടത്താൻ മുംബൈയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 15 വർഷം മുൻപ് ചിക്കാഗോയിൽ ട്രാവൽ ഏജൻസി നടത്തി വരികയായിരുന്നു ഇയാൾ. തീവ്രവാദ ഗൂഢാലോചനയിൽ പങ്കാളിയായെന്ന കുറ്റമാണ് റാണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ പൂർത്തിയാക്കി ജയിൽ മോചനത്തിന് ഒരുങ്ങുന്ന വേളയിലാണ് റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.















