മുംബൈ: ഇന്ത്യൻ ടീമിന്റെ വിക്ടറി പരേഡിനോടനുബന്ധിച്ച് മുംബൈയിൽ പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ച് പൊലീസ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് മുംബൈ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. വിക്ടറി പരേഡിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിക്ടറി പരേഡ് നടക്കുന്ന മറൈൻ ഡ്രൈവിന്റെ ഇരുവശങ്ങളിലും വാങ്കഡെ സ്റ്റേഡിയത്തിലും മുംബൈ പൊലീസും സിആർപിഫ് ഉദ്യോഗസ്ഥരും നിലയുറപ്പിക്കും.
വിക്ടറി പരേഡിന് ശേഷം വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന അനുമോദന ചടങ്ങിലും ഇന്ത്യൻ ടീം പങ്കെടുക്കും. ടി20 ലോകകപ്പ് വിജയത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ വൈകിട്ട് 5 മുതൽ 7 വരെ ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച് നടക്കുന്നു. ഇതിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ വൈകുന്നേരം 4:30 ന് മുമ്പ് പ്രൊമെനേഡ് സൈഡിൽ എത്തുക. രാത്രി 7 മണിക്ക് വാങ്കഡെ സ്റ്റേഡിയത്തിൽ ബിസിസിഐ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നുണ്ട്. അനുമോദന ചടങ്ങ് കാണാൻ ആഗ്രഹിക്കുന്നവർ 6 മണിക്ക് മുമ്പായി സ്റ്റേഡിയത്തിൽ എത്തിച്ചേരുക.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദയവായി പൊതു ഗതാഗതം ഉപയോഗിക്കാൻ ശ്രമിക്കുക.”. ഡിസിപി പ്രവീൺ മുണ്ടെ പറഞ്ഞു.
വിജയാഘോഷത്തിലേക്ക് ആരാധകരെ സമൂഹമാദ്ധ്യമത്തിലൂടെ ഇന്ത്യൻ ടീം നായകൻ ക്ഷണിച്ചിരുന്നു. ഈ പ്രത്യേക നിമിഷം നിങ്ങളോടൊത്ത് ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വൈകുന്നേരം 5 മണി മുതൽ മറൈൻ ഡ്രൈവിലും വാങ്കഡെയിലും ഒരു വിജയ പരേഡിലൂടെ ഈ വിജയം ആഘോഷിക്കാമെന്നായിരുന്നു രോഹിത്തിന്റെ കുറിപ്പ്.