അസ്താന : കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇരുനേതാക്കളും ഹസ്തദാനം നടത്തുന്നതിന്റേയും സംസാരിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 2020 മെയ് മാസത്തിൽ നിയന്ത്രണരേഖയിലുണ്ടായ തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി ഇരുരാജ്യങ്ങളുടേയും ബന്ധത്തിൽ വിള്ളൽ വീണീരുന്നു.
ഈ വർഷം മാർച്ചിൽ ഇന്ത്യ-ചൈന അതിർത്തി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നിർണായക അഭിപ്രായങ്ങൾ കൈമാറിയിരുന്നു. പിന്നാലെയാണ് എസ്‌സിഒ ഉച്ചകോടിക്കിടെ ഇരുനേതാക്കളും നേരിട്ട് സംസാരിക്കുന്നത്. എസ്സിഒ കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റ് യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് ജയശങ്കറാണ്.
കസാക്കിസ്ഥാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലിബെക് ബകായെ ജയശങ്കറിനെ സ്വാഗതം ചെയ്തു. ഇന്നലെ അസ്താനയിലെ പുഷ്‌കിൻ പാർക്കിൽ സന്ദർശനം നടത്തിയ ജയശങ്കർ ഇവിടെയുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. അസ്താനയിൽ തങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായി ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. പ്രാദേശികവും ആഗോള തലത്തിലുമുള്ള വിവിധ വിഷയങ്ങളെ കുറിച്ച് നേതാക്കളുമായി സംസാരിക്കാൻ സാധിച്ചതായും ജയശങ്കർ വ്യക്തമാക്കി.















