കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അപകടഭീഷണിയുയർത്തി മയിലുകളുടെ സാന്നിധ്യം. വിമാനത്താവളത്തിലെ റൺവേയിലാണ് മയിലുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ നാളെ മന്ത്രിതലയോഗം ചേരും.
മട്ടന്നൂർ മൂർഖൻ പറമ്പിലെ കുന്നിൻ മുകളിലാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളമുള്ളത്. വിമാനങ്ങൾ റൺവേയിൽ ഇറങ്ങുന്ന സമയത്തും പറന്നുയരുന്ന സമയത്തും മയിലുകൾ റൺവേയിലേക്ക് കൂട്ടത്തോടെയെത്തുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത്. പക്ഷികളെ ഓടിക്കുവാൻ പ്രത്യേക സംഘം ഉണ്ടെങ്കിലും മയിലുകളുടെ എണ്ണം വർധിച്ചതോടെ ഇവർ നിസഹായരായി മാറിയിരിക്കുകയാണ്. ഷെഡ്യൂൾ ഒന്നിൽപെട്ട പക്ഷിയാണ് മയിൽ. അതിനാൽ തന്നെ ഇവയെ പിടികൂടി മാറ്റണമെങ്കിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
പ്രത്യേക കൂടുകൾ സ്ഥാപിച്ച് മയിലുകളെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനം എടുത്തതായാണ് വിവരം. പ്രശ്നം ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നാളെ ഉന്നതതല യോഗം ചേരും. നേരത്തെ ഇവിടെയുണ്ടായിരുന്ന കുറുനരി,കുറുക്കൻ തുടങ്ങിയ ജീവികൾ അപ്രത്യക്ഷമായതാണ് മയിലുകളുടെ എണ്ണം കൂടാൻ കാരണമായതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നു.















