തിരുവനന്തപുരം: നിരന്തരം അപകട മരണങ്ങൾ നടക്കുന്ന മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ജോർജ് കുര്യൻ അപകടമേഖലയിൽ എത്തിയത്. കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ജോർജ് കുര്യന്റെ ആദ്യ സന്ദർശനമാണിത്.
മുതലപ്പൊഴിയിൽ ബോട്ടുകൾ അപകടത്തിൽപ്പെട്ട് മരണപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മേഖലയിലെ പ്രശ്‌നങ്ങൾ കൃത്യമായി പഠിക്കാനാണ് അദ്ദേഹം നേരിട്ടെത്തിയത്. തീരദേശവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രിയായതിന് ശേഷം ജോർജ് കുര്യൻ വ്യക്തമാക്കിയിരുന്നു.
പ്രദേശത്തെ പ്രശ്നത്തിന് ഏതെല്ലാം തരത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നത് അദ്ദേഹം വിശകലനം ചെയ്യും. ഇതിനായി ഉദ്യോഗസ്ഥരുടെ യോഗവും ജോർജ് കുര്യൻ ഇന്ന് വിളിച്ചു ചേർക്കും. നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുതലപ്പൊഴി സന്ദർശിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.















