തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ താൻ വിജയിച്ചാൽ കേരളത്തിന് മാത്രമല്ല, എംപി എന്ന നിലയിൽ തമിഴ്നാടിന് വേണ്ടിയും പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ചെന്നൈയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും ഇക്കാര്യം തൃശൂർ എംപി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ, തമിഴിൽ പാർലമെന്റിൽ ഒരു പ്രസംഗം നടത്തണമെന്നതാണ് തന്റെ ആഗ്രഹം എന്ന് പറയുകയാണ് അദ്ദേഹം. മലയാളത്തേക്കാൾ മുൻപേ തമിഴാണ് താൻ പഠിച്ചെടുത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
“മലയാളം പഠിക്കുന്നതിനേക്കാൾ മുൻപ് ഞാൻ തമിഴ് പഠിച്ചു. തമിഴ് പത്രങ്ങൾ നോക്കിയപ്പോൾ അതിൽ രജനീകാന്തിനെയും കമഹാസനേയും എല്ലാം കണ്ടു. അവരെന്താണ് പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കി അത്രയും അക്ഷരങ്ങൾ ഞാൻ പഠിച്ചു. കമൽഹാസൻ, ഇളയരാജ, വിജയകാന്ത്, ഗൗതമി, ഖുശ്ബു, ജയലളിത ഇങ്ങനെയുള്ള പറഞ്ഞത് എന്താണെന്ന് ഞാൻ മനസ്സിലാക്കി. മലയാളവുമായി വളരെയധികം ബന്ധമുള്ളതിനാൽ തമിഴ് വേഗം പഠിക്കാൻ സാധിച്ചു”.
“ഞാൻ തമിഴിൽ നന്നായി സംസാരിക്കുമെന്ന് പലരും പറയാറുണ്ട്. സംസാരിക്കുക മാത്രമല്ല, തമിഴ് എഴുതുകയും വായിക്കുകയും ഞാൻ ചെയ്യും. പാർലമെന്റിൽ ഒരു തവണയെങ്കിലും തമിഴിൽ ഒരു മുഴുനീള പ്രസംഗം നടത്താൻ ഒരു അവസരം കിട്ടണമേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്”-സുരേഷ് ഗോപി പറഞ്ഞു.