പാലക്കാട്: കടമ്പഴിപ്പുറത്ത് കാറിലെത്തിയ ഗുണ്ടകൾ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ടോണി, പ്രസാദ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരുടെയും സ്‌കൂട്ടർ പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി യുവാക്കളെ ആക്രമിക്കുകയായിരുന്നു.
കടമ്പഴിപ്പുറത്ത് നിന്ന് വേങ്ങാശ്ശേരിയിലേക്ക് പോവുകയായിരുന്നു യുവാക്കൾ. ഇതിനിടയിൽ കാറിലെത്തിയ സംഘം ടോണിയെയും, പ്രസാദിനെയും മർദ്ദിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു.
ആക്രമണം നടത്തിയതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ടോണിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















