കാസർകോട്: ആശുപത്രി ജനറേറ്ററിൽ നിന്ന് വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. കാസർകോട് കാഞ്ഞങ്ങാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് സമീപത്തുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർത്ഥിനികൾക്കാണ് ശ്വാസതടസമുണ്ടായത്.
വികപ്പുക ശ്വസിച്ച അമ്പതോളം വിദ്യാർത്ഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. പുക ശ്വസിച്ച് നിമിഷങ്ങൾക്കകം വിദ്യാർത്ഥിനികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേരെ ജില്ലാ ആശുപത്രിയിലേക്കും 28 പേരെ മറ്റ് ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്.
ആശുപത്രിയിൽ ഏറെ നേരം വൈദ്യുതി ഉണ്ടായിരുന്നില്ല. തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിച്ചപ്പോഴാണ് പുകയുണ്ടായത്. ആശുപത്രിയിൽ നിന്ന് ഒരുപാട് മാറിയാണ് ജനറേറ്ററുള്ളത്. അതിനാൽ ആശുപത്രിയിൽ ഉണ്ടായിരുന്നവർക്ക് പ്രശ്നങ്ങളൊന്നുമില്ല. ജനറേറ്റിലെ വയറുകൾ കത്തി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയിലൂടെ മാത്രമേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.















