ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് വിചാരണ മന്ദഗതിയിലായതിൽ തെലങ്കാന ഹൈക്കോടതി ബുധനാഴ്ച അതൃപ്തി രേഖപ്പെടുത്തി.
വർഷങ്ങളായി കേസ് നടപടികളിൽ കാര്യമായ പുരോഗതിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊതുതാൽപര്യ ഹരജികൾ നിലനിൽക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് പുരോഗതിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിചാരണ ദൈനംദിന അടിസ്ഥാനത്തിൽ നടത്തണമെന്നും കേസിന്റെ അടുത്ത വാദം കേൾക്കുമ്പോഴോ അതിനുമുമ്പോ പുരോഗതിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
2024-ലെ തെരഞ്ഞെടുപ്പിന് മുമ്പ് ജഗനെതിരെയുള്ള വിചാരണ പൂർത്തിയാക്കാൻ സിബിഐ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ചെഗൊണ്ടി വെങ്കട ഹരിരാമ ജോഗയ്യ തെരഞ്ഞെടുപ്പിന് മുമ്പ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ടി വിനോദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഹർജി ബുധനാഴ്ച വാദം കേൾക്കാനെത്തിയപ്പോൾ, പ്രതികൾ ബോധപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്നും വേഗത്തിലുള്ള വാദം കേൾക്കുന്നതിന് നിർദേശം നൽകണമെന്നും ഹരിരാമ ജോഗയ്യ കോടതിയെ അറിയിച്ചു.ഹർജി അംഗീകരിച്ച ബെഞ്ച്, ദിവസേന വാദം കേൾക്കാനും ഹൈക്കോടതിയിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐ കോടതിയോട് നിർദേശിച്ചു.
കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 23ലേക്ക് മാറ്റി.















