ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്ഡൊണാൾഡ്സ്. എന്നാൽ ഓസ്‌ട്രേലിയയിലെ മക്‌ഡൊണാൾഡ്‌സ് ശൃംഖല സമീപകാലത്തെങ്ങും നേരിടാത്ത പ്രതിസന്ധിയിലാണിപ്പോൾ. മുട്ടയുടെ ക്ഷാമമാണ് കമ്പനിയെ വലയ്‌ക്കുന്നത്. ക്ഷാമത്തിനുളള കാരണമറിഞ്ഞാൽ ഒരു പക്ഷെ നമ്മളും ഞെട്ടും. പക്ഷിപ്പനി മൂലമാണ് മുട്ടക്ഷാമം കടുത്തത്.
പ്രതിസന്ധി കടുത്തതോടെ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന സമയം വെട്ടിക്കുറച്ചിരിക്കുകയാണ് മക്ഡൊണാൾഡ്സ്. ഒന്നര മണിക്കൂറാക്കിയാണ് ചുരുക്കിയത്. ഇനി മുതൽ രാവിലെ 10.30 വരെ മാത്രമാകും പ്രഭാത ഭക്ഷണം വിതരണം ചെയ്യുക. എന്നാൽ വൈകി ഉണരുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.
പ്രധാനമായും ഫ്രൈഡ് വിഭവങ്ങളാണെങ്കിലും മുട്ടയുടെ രുചി വേറിട്ട രീതിയിൽ ഭക്ഷണപ്രേമികളിലെത്തിച്ച സ്ഥാപനമാണ് മക്‌ഡൊണാൾഡ്‌സ്. എഗ്ഗ് മഫിൻ, സോസേജ് മഫിൻ, തുടങ്ങി വ്യത്യസ്തമായ നിരവധി വിഭവങ്ങളാണ് മുട്ടകൊണ്ട് മക്‌ഡൊണാൾഡ്‌സ് തയ്യാറാക്കുന്നത്. 119 രാജ്യങ്ങളിലായി സാന്നിധ്യമുളള സ്ഥാപനം മലയാളിയുടെ ഇഷ്ടങ്ങളിലും ഇപ്പോൾ മുൻപന്തിയിലാണ്. ലോകത്ത് 69 മില്യൺ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓസ്‌ട്രേലിയയിൽ 11 കോഴിവളർത്തൽ കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. പ്രതിരോധ മാർഗമായി പക്ഷികളെ ഗണ്യമായി കൊന്നൊടുക്കുന്നുണ്ട്. സ്ഥിതിഗതി നിയന്ത്രണ വിധേയമാണെന്നാണ് ഓസ്‌ട്രേലിയൻ ഭരണകൂടം പറയുന്നത്.















