ഷൊർണൂർ: സ്വാമി വിവേകാനന്ദന്റെ 128-ാം സ്മൃതിദിനത്തിന്റെ ഓർമ്മയിലായിരുന്നു രാജ്യം. ചരിത്രത്തിൽ പ്രഥമ സ്ഥാനമുള്ള സ്വാമിവിവേകാനന്ദനെ കുറിച്ചോർക്കുമ്പോൾ, പാലക്കാടുകാർക്ക് പറയാനും ഒരു കഥയുണ്ട്. കേരളത്തിൽ ആദ്യമായി കാലുകുത്തിയപ്പോൾ അദ്ദേഹം നട്ട ഒരു ആൽമരം ഇപ്പോഴും ഷൊർണൂരിലുണ്ട്. ഇവിടത്തെ ജനങ്ങൾ ഇപ്പോഴും ഇതിനെ പൊന്നുപോലെ സംരക്ഷിച്ചു വരികയാണ്.
ഷൊർണൂർ റെയിൽവെസ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ മൂന്നിനോട് ചേർന്നാണ് ഈ ആൽമരമുള്ളത്. ഒരുപാട് പേർക്ക് തണലായി, യാത്രക്കാരുടെ വിശ്രമകേന്ദ്രം കൂടിയാണ് ഈ ആൽമരം. റെയിൽവേയും നാട്ടുകാരുമാണ് ഈ ആൽമരത്തിന് സംരക്ഷണം ഒരുക്കുന്നത്. 1892 നവംബർ 27-നാണ് സ്വാമി വിവേകാനന്ദൻ തന്റെ കേരള പര്യടനത്തിന് തുടക്കം കുറിച്ചത്. മൈസൂരിൽ നിന്നും ട്രെയിനിൽ ഷൊർണൂരിൽ എത്തിയ അദ്ദേഹം ആദ്യം റെയിൽവെ സ്റ്റേഷനിൽ ആൽമരം നടുകയായിരുന്നു.
ഒന്നേകാൽ നൂറ്റാണ്ടു മുമ്പെ വച്ചുപിടിപ്പിച്ച ഈ ആൽമരം മുറിച്ചു മാറ്റാൻ കുറച്ചു മാസങ്ങൾക്കു മുമ്പെ ചില ശ്രമങ്ങൾ നടത്തിയിരുന്നു. നാട്ടുകാരും സ്വാമിവിവേകാനന്ദ സംരക്ഷണ സമിതിയും ചേർന്നാണ് ഇത് തടഞ്ഞത്.















