തിരുവനന്തപുരം: ലോക്സഭയിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം തോമസ് ഐസക്. അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റിയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് തുറന്നു സമ്മതിക്കുന്നു.
വോട്ടർമാരെ മനസിലാക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ല. സഹകരണ ബാങ്ക് തട്ടിപ്പുകൾ പാർട്ടിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുകയാണ്. തദ്ദേശതലത്തിൽ പോലും അഴിമതി വർദ്ധിച്ചു. ജനങ്ങളുമായുള്ള ജീവൽബന്ധം പാർട്ടിക്ക് നഷ്ടമായിരിക്കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. മുൻകാലത്ത് സർഗ്ഗാത്മകതയിലും പഠിത്തത്തിലും മുൻനിൽക്കുന്നവർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് ആകുന്നില്ല.
രണ്ടാം പിണറായി സർക്കാരിനെതിരെയും തോമസ് ഐസക് ഒളിയമ്പ് എയ്യുന്നുണ്ട്. തുടർഭരണം ദൗർബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞ് സമഗ്രമായ തെറ്റുതിരുത്തൽരേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.















