പാരീസ്: ഫ്രഞ്ച് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തിൽ ദേശീയവാദി പാർട്ടിയായ നാഷണൽ റാലി പാർട്ടി (Le Rassemblement National RN) ലീഡ് ചെയ്യുന്നു. ഇപ്പോഴത്തെ വോട്ടിങ് നില അനുസരിച്ച് ദേശീയവാദികളായ ദേശീയ റാലി ഒന്നാം സ്ഥാനത്തും ഇടതു സഖ്യം രണ്ടാം സ്ഥാനത്തും പ്രസിഡൻ്റ് മാക്രോണിന്റെ മധ്യപക്ഷ സഖ്യം മൂന്നാം സ്ഥാനത്തുമാണ്. ദേശീയ റാലി വിജയിച്ചാൽ അതിന്റെ നേതാവ് മറൈൻ ലെ പെൻ പ്രധാനമന്ത്രിയാകും.
ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ദേശീയവാദി വലതുപക്ഷം 33%; ഇടതുപക്ഷക്കാർ 28%; പ്രസിഡൻ്റ് മാക്രോണിന്റെ മധ്യപക്ഷ സഖ്യം 21% എന്നിങ്ങിനെ വോട്ടുകൾ നേടി. ഈ ആദ്യ റൗണ്ടിൽ ഒരു പക്ഷത്തിനും 50% വോട്ടുകൾ ലഭിക്കാത്തതിനാൽ, രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് ജൂലൈ 7 ന് നടക്കും. വലതുപക്ഷ ദേശീയ റാലി ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്നാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായുള്ള സർവേകൾ സൂചിപ്പിക്കുന്നത് . പ്രസിഡൻറ് മാക്രോണിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഈ സർവേകൾ വ്യക്തമാക്കുന്നത്.
പാർലമെൻ്റ് തിരഞ്ഞെടുപ്പിന്റെ അവസാനം ദേശീയ റാലി പാർട്ടി ഭരണം പിടിച്ച് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്താൽ ഫ്രാൻസിലെ വിദേശ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കും എന്ന് പൊതുവെ കരുതപ്പെടുന്നു. ഫ്രാൻസിലെ അനധികൃത കുടിയേറ്റക്കാർക്ക് സൗജന്യമായി ലഭ്യമായ മെഡിക്കൽ സേവനങ്ങൾ ദേശീയ റാലി സർക്കാർ നിരോധിക്കും. ഫ്രാൻസിലെ ആണവ റിയാക്ടറുകളിലും പ്രാഥമിക സുരക്ഷാ സൗകര്യങ്ങളിലും വിദേശികളെ ജോലിക്കെടുക്കുന്നതിന് ദേശീയ റാലി സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും എന്നൊക്കെയുള്ള ചർച്ചകൾ ഫ്രഞ്ച് രാഷ്‌ട്രീയ ഉപശാലകളിൽ നിറയുകയാണ്.
ഫ്രഞ്ച് പാർലമെൻ്റിൽ 577 സീറ്റുകളുണ്ട്, അതിൽ 13 വിദേശ ജില്ലകളും വിദേശത്തുള്ള ഫ്രഞ്ച് പൗരന്മാരെ പ്രതിനിധീകരിക്കുന്ന 11 മണ്ഡലങ്ങളും ഉൾപ്പെടുന്നു. പാർലമെൻ്റിൽ കേവല ഭൂരിപക്ഷം നിലനിർത്താൻ ഒരു പാർട്ടിക്ക് 289 സീറ്റുകൾ വേണം. മിക്കവാറും എല്ലാ പ്രമുഖ അഭിപ്രായ വോട്ടെടുപ്പുകളും RN-ന് ലീഡ് പ്രവചിക്കുന്നു .
അതേസമയം, പ്രസിഡൻറ് മാക്രോണിന്റെ മധ്യപക്ഷ സഖ്യവും ഇടതുപക്ഷവും ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും തെളിഞ്ഞു വരുന്നുണ്ട്.
ദേശീയ വാദികളെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാർലമെന്റിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ മാക്രോൺ നടത്തിയ ഈ ചൂതാട്ടം പാളി എന്നാണ് സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്.