അസ്തന: ആഗോള സമ്പദ് വ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കുന്നതിനും ആഗോള വളർച്ചയെ ത്വരിതപ്പെടുത്താനും മേക്ക് ഇൻ ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായി സഹകരണത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിലും സുരക്ഷയിലും സാങ്കേതികവിദ്യ ബൃഹത്തായ പങ്ക് വഹിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസവും സുതാര്യതയുമാണ് ഡിജിറ്റൽ യുഗത്തിന്റെ നട്ടെല്ല്. നിർമിത ബുദ്ധിയും സൈബർ സുരക്ഷയും പല രീതിയിലും വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എസ്‌സിഒ ഉച്ചകോടിയിലാണ് പരാമർശം. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ഉച്ചകോടിയിൽ പങ്കുവച്ചത്.
വിദ്യാഭ്യാസം, നൈപുണ്യം, മെച്ചപ്പെട്ട ശേഷി എന്നിവയാണ് ആഗോള സഹകരണത്തിൽ ഇന്ത്യയുടെ നെടും തൂണുകൾ. അയൽക്കാരായാലും മറ്റ് രാജ്യങ്ങളായാലും ഇവ കെട്ടിപ്പടുക്കാൻ ഭാരതം തയ്യാറാണ്. സാമ്പത്തിക കാര്യങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഇന്ത്യ കഴിവ് തെളിയിച്ചിട്ടുണ്ട്. വെല്ലുവിളികൾക്കിടയിലും ദൃഢനിശ്ചയത്തോടെ പുരോഗതിയിലേക്ക് കുതിക്കാൻ സാധിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.