ന്യൂഡൽഹി : ഓസ്‌ട്രേലിയയുടെ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാർലെസുമായി ചർച്ച നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഫോണിലൂടെയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്.
പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവലോകനം ചെയ്തതായും ഇൻഡോ- പസഫിക് മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ചർച്ച നടത്തിയതായും പ്രതിരോധമന്ത്രി ട്വീറ്റിൽ പറഞ്ഞു . കൂടാതെ ഓസ്‌ട്രേലിയയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് ഇന്ത്യ വളരെ അധികം മൂല്യം നൽകുന്നെന്നും രാജ്‌നാഥ് സിംഗ് ചർച്ചയ്‌ക്കിടെ അഭിപ്രായപ്പെട്ടു.
രണ്ടാം തവണയും പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ രാജ്‌നാഥ് സിങിന് റിച്ചാർഡ് മാർലെസ് ആശംസയറിയിച്ചു. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ പ്രകീർത്തിക്കുകയും ചെയ്തു. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ പ്രകീർത്തിച്ച അദ്ദേഹം ടി- 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തെയും അഭിനന്ദിച്ചു.
2023 നവംബറിൽ ഇരു നേതാക്കളും പങ്കെടുത്ത ഇന്ത്യ – ഓസ്‌ട്രേലിയ ടു പ്ലസ് ടു മന്ത്രിതല ചർച്ചയ്‌ക്ക് ശേഷം ഇത് ആദ്യമായാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്. ഓസ്‌ട്രേലിയ ഇന്ത്യയെ ഒരു മികച്ച സുരക്ഷാ പങ്കാളിയായാണ് കാണുന്നതെന്നും മാർലെസ് സംഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു.















