മുംബൈ: സ്തനാർബുദത്തിന് ചികിത്സ തേടുന്ന നടി ഹിന ഖാൻ മുടി മുറിക്കുന്ന വീഡിയോ ചർച്ചയാകുന്നു. ഇതോടൊപ്പം ഇൻസ്റ്റഗ്രാമിൽ ഹിന പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ് തന്റെ ജീവിതത്തിൽ വരാൻ പോകുന്നതെന്ന് ഹിന പറയുന്നു.
എല്ലാ സ്ത്രീകൾക്കും മുടിയാണ് ഞങ്ങളുടെ കിരീടം ഒരിക്കലും അത് കളയാൻ ഞങ്ങൾ അനുവദിക്കാറില്ല. നിങ്ങൾ ഒരു യുദ്ധത്തിലേർപ്പെട്ടിരിക്കുമ്പോൾ മുടി കൂടി നഷ്ടപ്പെടുന്നത് വലിയ കഠിനമായ അവസ്ഥയാണ്. അതായത് നിങ്ങളുടെ അഭിമാനവും നിങ്ങളുടെ കിരീടവുമൊക്കെ നഷ്ടമാകുന്നു. നിങ്ങൾക്ക് വിജയിക്കണമെങ്കിൽ കടുത്ത ചില തീരുമാനങ്ങളെടുത്തേ മതിയാകൂ എന്ന് പറഞ്ഞാണ് ഹിനയുടെ വാക്കുകൾ.
മകളുടെ മുടി മുറിക്കുന്നതിൽ വിഷമത്തോടെ അമ്മ കരയുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം.താരത്തിന്റെ പോസ്റ്റിന് പിന്നാലെ പോസിറ്റീവ് കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കൂവെന്നും ആരാധകർ പറഞ്ഞു. അമ്മയോടൊപ്പം ബ്യൂട്ടിപാർലറിൽ കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്നതാണ് വീഡിയോ. വിങ്ങിപ്പൊട്ടുന്ന അമ്മയെ ആശ്വസിപ്പിക്കാൻ ഹിന കഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാം.