ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഊർജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താരങ്ങളുടെ കഴിവുകൾ ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് അവരുമായി സംവദിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ 26 മുതൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
” ഒളിമ്പിക്‌സിനായി പാരിസിലേക്ക് പോകുന്ന നമ്മുടെ കായിക താരങ്ങളുമായി സംവദിച്ചു. നമ്മുടെ കായിക താരങ്ങൾ അവരുടെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തെ കായികതാരങ്ങളുടെ ജീവിതയാത്രകളും വിജയങ്ങളും 140 കോടി ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ്.” – പ്രധാനമന്ത്രി കുറിച്ചു.
ഇത്തവണത്തെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ വൻ നേട്ടങ്ങൾ സ്വന്തമാക്കും. ഷൂട്ടിംഗിൽ ഇന്ത്യൻ കായിക താരങ്ങൾ എക്കാലത്തും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. അത് ഇത്തവണയുമുണ്ടാകും. ടേബിൾ ടെന്നീസിൽ പുരുഷ- വനിതാ ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്.
ഇത്തവണ ഇന്ത്യൻ കായിക താരങ്ങൾ ഗുസ്തിയിലും കുതിരസവാരിയിലും പങ്കെടുക്കും. ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചെസ്സിലും, ബാഡ്മിന്റണിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ഇത്തവണയും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 7 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.















