ന്യൂഡൽഹി: സൈന്യത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന രാഹുലിന്റെ വാദങ്ങൾ തള്ളി അഗ്നിവീർ അജയ് കുമാറിന്റെ കുടുംബം. സൈന്യത്തിൽ നിന്ന് 98 ലക്ഷം രൂപ സഹായധനം ലഭിച്ചതായി വീരമൃത്യു വരിച്ച അഗ്‌നിവീർ അജയ് കുമാറിന്റെ പിതാവ് ചരൺജിത് സിംഗ് പറഞ്ഞു. അഗ്നിവീറുകളെ കേന്ദ്രസർക്കാർ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുകയാണെന്നുംകൊല്ലപ്പെട്ട സൈനികന് നഷ്ടപരിഹാരമോ രക്തസാക്ഷി പദവിയോ നൽകിയില്ലെന്നും രാഹുൽ ലോക്‌സഭയിൽ ആരോപിച്ചിരുന്നു. ഈ വാദത്തെ തള്ളിക്കൊണ്ടാണ് അഗ്നിവീറിന്റെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
‘ സൈന്യത്തിൽ നിന്ന് രണ്ട് ഘട്ടമായാണ് 98 ലക്ഷം രൂപ ലഭിച്ചത്. പൊലീസ് നടപടികൾക്ക് ശേഷം ഉടൻ തന്നെ സൈന്യം എക്‌സ്‌ഗ്രേഷ്യയുൾപ്പെടെയുള്ള 67 ലക്ഷം രൂപ നൽകുമെന്ന് ഉറപ്പുണ്ട്. എന്റെ ഏകമകനായിരുന്നു അജയ്. ബാക്കി ആറുപേരും പെൺമക്കളാണ്. ഇവരിൽ നാല് പേർ വിവാഹിതരാണ്. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായ ഇളയ മകൾ അഞ്ജലി ദേവിക്ക് ആശ്രിത നിയമനം ലഭിക്കും. സൈനിക കുപ്പായമിടണമെന്നത് അജയുടെ ആഗ്രഹമായിരുന്നു. ഇപ്പോൾ രാജ്യത്തിനും കുടുംബത്തിനും വേണ്ടി അവൻ ജീവൻ ബലിയർപ്പിച്ചിരിക്കുകയാണ്. മകനെ നഷ്ടപ്പെട്ട വേദനയിൽ കഴിയുകയാണ് അവന്റെ അമ്മ മഞ്ജിത് കൗർ.”-അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സൈന്യവും രംഗത്തെത്തിയിരുന്നു. അഗ്‌നിവീർ അജയ് കുമാറിന്റെ ത്യാഗത്തെ സൈന്യം പ്രണമിക്കുന്നു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. അജയ്യുടെ കുടുംബത്തിന് 98.39 ലക്ഷം രൂപ നൽകി. അഗ്‌നിവീർ പദ്ധതിയുടെ വ്യവസ്ഥകളനുസരിച്ച് ഏകദേശം 67 ലക്ഷം രൂപയുടെ എക്‌സ്‌ഗ്രേഷ്യയും മറ്റാനുകൂല്യങ്ങളും, പൊലീസ് പരിശോധനയ്‌ക്ക് ശേഷം ഉടൻ നൽകും. 1.65 കോടി രൂപയാണ് കുടുംബത്തിനു ലഭിക്കുക. വീരമൃത്യു വരിച്ച സൈനികനുള്ള നഷ്ടപരിഹാരം അഗ്‌നിവീർ ഉൾപ്പെടെ എല്ലാ സൈനികരുടെയും ബന്ധുക്കൾക്ക് ഏറ്റവും വേഗം കൊടുക്കുന്നത് ഉറപ്പാക്കുന്നുണ്ടെന്ന് സൈന്യം കൂട്ടിച്ചേർത്തു.















