നാല് സിനിമകളിൽ അഭിനയിച്ചെങ്കിലും തനിക്ക് അംഗത്വം തരാൻ അമ്മ സംഘടന തയ്യാറായില്ലെന്ന് അനശ്വര നടൻ സത്യന്റെ മകന്റെ വെളിപ്പെടുത്തൽ. ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് മെമ്പർഷിപ്പിനുള്ള അപേക്ഷ വർഷങ്ങൾക്ക് മുമ്പ് ഇമെയിൽ ചെയ്തിരുന്നെങ്കിലും അതിന് മറുപടി തരാൻ പോലും അവർ തയ്യാറായില്ലെന്നും സതീഷ് സത്യൻ കുറ്റപ്പെടുത്തി. നാല് സിനിമയിൽ അഭിനയിച്ച സതീഷ് സത്യൻ കണ്ണിന് കാഴ്ച നഷ്ടമായതിനെ തുടർന്നാണ് അഭിനയം ഉപേക്ഷിച്ചത്.
” മലയാള സിനിമ കുടുംബത്തിലെ അംഗമാകണമെന്ന ആഗ്രഹത്തോടെയാണ് അമ്മയിൽ മെമ്പർഷിപ്പിന് അപേക്ഷിച്ചത്. ഇടവേള ബാബുവാണ് മെയിൽ അയക്കാൻ പറഞ്ഞത്.
കൈനീട്ടമോ മറ്റ് സാമ്പത്തിക സഹായമോ ഒരിക്കലും ആവശ്യമില്ലെന്ന് മെയിലിൽ സൂചിപ്പിക്കുകയും ചെയ്തു. പിന്നിട് ഇടവേള ബാബുവിനോട് ഇതിനെ കുറിച്ച് അന്വേഷിക്കുമ്പോൾ ഒഴിവാക്കുന്ന തരത്തിലാണ് സംസാരിച്ചത്. ചേട്ടൻ ഇപ്പോൾ നടനല്ലല്ലോ, അതുകൊണ്ട് അത് നടക്കില്ല. ചേട്ടന് മെമ്പർഷിപ്പ് തന്നാൽ ഒരുപാട് പേര് ഇതുംപറഞ്ഞ് അപേക്ഷ തരും, അത് ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും ബാബു പറഞ്ഞു”.
“ഇന്ന് സംഘടനയിൽ കാണുന്ന പല ആളുകൾക്കും അഭിനയം നിർത്തിയതിന് ശേഷമാണ് അംഗത്വം നൽകിയത്. അവരുടെ പേര് എന്നക്കൊണ്ട് പറയിക്കരുത്. ഞാൻ സിനിമയിൽ പശുവിനെ അഴിച്ച് കെട്ടുന്ന രംഗമല്ല ചെയ്തത്. നായകനായാണ് അഭിനയിച്ചത്. സത്യനെന്ന മഹാനടന്റെ മകൻ ആയതു കൊണ്ടും സത്യന്റെ മലയാള സിനിമയക്കുള്ള സംഭാവനകൾ പരിഗണിച്ചും ഓണററി മെമ്പർഷിപ്പെങ്കിലും നൽകണമായിരുന്നു. ഞാൻ കൊടുത്ത അപേക്ഷ മോഹൻലാലും മമ്മൂട്ടിയും അറിഞ്ഞുകാണും. ആദ്യമായാണ് ഇത് പൊതുമദ്ധ്യത്തിൽ പറയുന്നത്. പുതിയ ഭാരവാഹികളെങ്കിലും വ്യക്തമായ കാരണസഹിതം മറുപടി നൽകണമെന്നും” സതീഷ് സത്യൻ ആവശ്യപ്പെട്ടു.















