ബെംഗളൂരു: ഭാവിയിൽ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ആ സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും അവയെ പ്രതിരോധിക്കാൻ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ‘99942 അപ്പോഫിസ് ഛിന്നഗ്രഹം’ 2029 ഏപ്രിൽ 13-ന് ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോകാനിരിക്കെയാണ് ഇസ്രോ ചെയർമാന്റെ പ്രതികരണം.
“2036-ൽ ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് അടുത്തെത്തുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. ഛിന്നഗ്രഹങ്ങളെ നിസാരമായി കാണാനാകില്ല. പ്രപഞ്ച ചരിത്രം പരിശോധിച്ചാൽ ഛിന്നഗ്രഹങ്ങളുടെ കൂട്ടയിടി സർവ്വസാധാരണമാണ്. ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് അടുത്തെത്തുന്നതും കൂട്ടിയിടിച്ച് വലിയ ആഘാതം സൃഷ്ടിക്കുന്നതും മുമ്പ് ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു സംഭവം ഭൂമിയിലുണ്ടായാൽ അത് വംശനാശത്തിന് കാരണമാകും”.
ഭാവിയിൽ നേരിടേണ്ട വെല്ലുവിളികളെ പ്രതിരോധിക്കാൻ ശാസ്ത്രലോകം സജ്ജമാകേണ്ടതുണ്ട്. ഇനിയൊരു ഛിന്നഗ്രഹം പതിക്കുന്ന സംഭവമുണ്ടാകാൻ അനുവദിക്കരുത്. മനുഷ്യരാശിയും എല്ലാ ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. ചില സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ നമുക്കത് തടയാനാകില്ല. എന്നിരുന്നാലും ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹങ്ങളെ നേരിടാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതിന് ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എസ് സോമനാഥ് പറഞ്ഞു.