കോട്ടയം: ബ്രിട്ടീഷ് പാർലമെന്റിൽ ചരിത്രമെഴുതി മലയാളി. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ജോസഫാണ് ആഷ്‌ഫോർഡ് സീറ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചത്. ബ്രിട്ടന്റെ ആരോഗ്യ സർവീസിൽ മെന്റൽ ഹെൽത്ത് നേഴ്സിംഗ് മേധാവിയാണ് സോജൻ ജോസഫ്. കൺസർവേറ്റീവ് പാർട്ടിയുടെ സീറ്റ് 1,779 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോജൻ പിടിച്ചെടുത്തത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ തെരഞ്ഞെടുക്കപ്പെട്ടു. 650 അംഗ പാർലമെന്റിൽ 412-ഓളം സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി ഡാമിയൻ ഗ്രീനിനെതിരെയാണ് സോജൻ ജോസഫ് മത്സരിച്ചത്. ബെംഗളൂരുവിൽ നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്.
2001-ലാണ് സോജൻ ജോസഫ് ലണ്ടനിലെത്തിയത്. ജോലിക്കിടയിലും സാമൂഹ്യ സേവനങ്ങൾക്കായി സമയം മാറ്റിവെച്ച സോജൻ 2015-ലാണ് ലേബർ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്. 2021-ൽ ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2023-ലെ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എയ്ൽസ്‌ഫോർഡ്, ഈസ്റ്റ് സ്റ്റോർ എന്നിവിടങ്ങളിൽ ലേബർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സോജൻ ജോസഫിന്റെ വിജയത്തിൽ അഭിമാനത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും. ഒരു മലയാളി ലണ്ടനിൽ പോയി ജയിച്ചതിൽ ഈ രാജ്യത്തോടൊപ്പം ഞങ്ങളും ഒരുപാട് സന്തോഷിക്കുകയാണെന്ന് സോജൻ ജോസഫിന്റെ പിതാവ് പ്രതികരിച്ചു. കുട്ടിക്കാലം മുതൽ സാമൂഹ്യ സേവനങ്ങൾ ചെയ്യാൻ സോജന് താൽപ്പര്യമുണ്ടായിരുന്നെന്നും സോഷ്യലിസത്തെ മുൻനിർത്തി പ്രവർത്തിക്കുന്നതിനാലാണ് ലേബർ പാർട്ടിയോട് ചായ്വുണ്ടായതെന്നും വീട്ടുകാർ പറഞ്ഞു.