ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച സർക്കാരിന്റെ നടപടിയെയാണ് കോടതി വിമർശിച്ചത്. അനധികൃത മദ്യ വില്പനക്കെതിരെ നടപടി സ്വീകരിക്കാതെ, നഷ്ട പരിഹാരം നൽകുന്നത് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മരണപ്പെട്ട 65 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ എത്തിയ ഹർജി പരിഗണിക്കവെയായിരുന്നു വിമർശനം. സർക്കാരിന്റെ അനാസ്ഥയാണ് വിഷമദ്യ ദുരന്തത്തിന് കാരണം. ദുരന്തം നേരിട്ട കുടുംബങ്ങൾക്ക് സഹായമെന്ന രീതിയിലാണ് 10 ലക്ഷം കൊടുത്തതെന്നാണ് സർക്കാരിന്റെ വാദം. ഇത്, ഇരയായവരുടെ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.മഹാദേവൻ പറഞ്ഞു.
നഷ്ടപരിഹാരം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അപകടത്തിൽ മരിച്ച ഒരാളുടെ കുടുംബമാണെങ്കിൽ പണം നൽകാം. എന്നാലിത്, അത്തരൊത്തിലൊരു സാഹചര്യമല്ല. സെക്രട്ടറിമാരോടൊപ്പം കൂടിയാലോചിച്ചതിന് ശേഷം ഇതിന് മറ്റൊരു സംവിധാനം കണ്ടെത്തണമെന്നും സർക്കാരിനോട് കോടതി പറഞ്ഞു. ഹർജി രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അനധികൃതമായി മദ്യം കഴിക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. ഇത്തരത്തിൽ മദ്യം കഴിച്ച് മരിക്കുന്നവരോട് സർക്കാർ കരുണകാണിക്കേണ്ടതില്ലെന്നാണ് ഹർജിക്കാരൻ പറയുന്നത്. നഷ്ടപരിഹാര ഉത്തരവ് പിൻവലിക്കാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഘൗസ് എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. അനധികൃത മദ്യത്തിന്റെ ഉപഭോക്താക്കൾ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക പ്രവർത്തകരോ അല്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഇയാൾ ഹർജി സമർപ്പിച്ചത്.