ന്യൂഡൽഹി: അഭൂതപൂർവമായ വളർച്ച കൈവരിച്ച് പ്രതിരോധ നിർമാണ മേഖല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16.8 ശതമാനത്തിന്റെ വളർച്ചയാണ് പ്രതിരോധ മേഖല കൈവരിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന മൂല്യം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉത്പാദന മൂല്യം 1,26,887 കോടി രൂപയിലെത്തി. ആത്മനിർഭർ ഭാരതും മേക്ക് ഇൻ ഇന്ത്യയും ഓരോ വർഷം കഴിയുന്തോറും വളർച്ച കൈവരിക്കുകയാണെന്നും രാജ്നാഥ് സിംഗ് എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ഭാരതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വാകാര്യ സ്ഥാപനങ്ങളെയും ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് പ്രതിരോധ മേഖലയിലെ കുതിപ്പിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആഗോള പ്രതിരോധ ഉത്പാദക ഹബ്ബാക്കി മാറ്റുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങൾ ആഗോള തലത്തിൽ പ്രിയമേറുകയാണ്. കയറ്റുമതിയിലും രാജ്യം കുതിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 21,083 കോടി രൂപയുടെ കയറ്റുമതിയാണ് നടത്തിയത്. 32.5 ശതമാനത്തിന്റെ വളർച്ചയാണ് മേഖലയിൽ രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 15,920 കോടി രൂപ മാത്രമായിരുന്നു. കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് പ്രതിരോധ കയറ്റുമതിയിൽ 31 മടങ്ങ് വർദ്ധനയാണ് ഉണ്ടായത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ 35,000 കോടി രൂപയുടെ കയറ്റുമതി ഉൾപ്പടെ 1,7500 കോടി രൂപയുടെ ഉത്പാദനമാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും രാജ്നാഥ് സിംഗ് സൂചിപ്പിച്ചു. ആഗോള തലത്തിൽ വിവിധ കമ്പനികൾ പ്രതിരോധ നിർമാണ മേഖലയിൽ ഇന്ത്യയ്‌ക്കൊപ്പം പങ്കുച്ചേർന്നിട്ടുണ്ട്. ചെറുകിട സംരംഭങ്ങളയെും സ്റ്റാർട്ടപ്പുകളെയും ഉൾപ്പെടുത്താനും സാധിച്ചെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.