മുംബൈ: അനന്ത് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹം കളറാക്കാൻ പോപ്പ് താരം ജസ്റ്റിൻ ബീബർ എത്തി. മുംബൈയിലെത്തിയ ഗായകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ വേണ്ടിയാണ് ബീബർ എത്തിയതെന്നാണ് സൂചന. ഏകദേശം 83 കോടി രൂപയാണ് അംബാനി ബീബറിനായി ചെലവഴിക്കുന്നതെന്ന് ദേശീയ മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
ജൂലായ് 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹം. മൂന്ന് ദിവസത്തെ ചടങ്ങുകളാണ് വിവാഹത്തിനുണ്ടാകുക. പ്രശസ്ത പോപ്പ് ഗായിക അഡെൽ, കനേഡിയൻ റാപ്പർ ഡ്രേക്ക്, അമേരിക്കൻ പാട്ടുകാരി ലാനാ ഡെൽ റേ എന്നീ ഗായകർ വിവാഹത്തിനെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇവർക്ക് നൽകുന്ന പ്രതിഫലക്കണക്കുകൾ പുറത്തുവന്നിട്ടില്ല. നേരത്തെ വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും നടന്ന ആഘോഷത്തിൽ സംഗീതലോകത്ത് നിന്നുള്ള സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹഘോഷങ്ങൾക്ക് തുടക്കമായത്. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ നടന്നത്. രണ്ടാമത്തെ ആഘോഷങ്ങൾ ഇറ്റലിയിലെ ആഡംബര ക്രൂയിസ് കപ്പലിലാണ് നടന്നത്.