ഗുവാഹത്തി: വെള്ളപ്പൊക്കം രൂക്ഷമായ അസമിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ദിബ്രുഗഡ് ടൗണിലെ ദുരന്തമേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി, പ്രദേശത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി. നിലവിൽ വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെന്നും വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിനായി വിദഗ്ധ സഹായം തേടുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസമിലെ നദീജന്യ ദ്വീപായ മജൂലിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു.
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 52 പേരാണ് മരിച്ചത്. 29 ജില്ലകളിലായി 21.13 ലക്ഷം പേർ ദുരന്തബാധിതരാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6 പേർ മരിച്ചതായാണ് വിവരം.
24 ജില്ലകളിലായി 515 ദുരിതാശ്വാസ കാമ്പുകളാണ് തുറന്നിരിക്കുന്നത്. 3.86 ലക്ഷം പേർ കാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. 11 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കാസിരംഗ ദേശീയോദ്യാനത്തിലെയും കടുവാ സംരക്ഷണ കേന്ദ്രത്തിലെയും 30ഓളം വന്യമൃഗങ്ങളും വെള്ളപ്പൊക്കത്തിൽ ചത്തൊടുങ്ങി.
ഗോൽപാറ, നാഗൺ, നൽബാരി, കാംരൂപ്, മോറിഗൺ, ദിബ്രുഗഡ്, സോനിത്ത്പുർ, ലാഖീമ്പുർ, സൗത്ത് സൽമാരാ, ധുബ്രി, ജോർഹത്, ചാരൈടെയോ, ഹോജയ്, കരിംഗഞ്ച്, ശിവസാഗർ, ബോൻഗിഗൺ, ബാർപേട്ട, ധെമാജി, ഹൈലക്കണ്ടി, ഗോലാഘാട്, ദരങ്, ബിശ്വനാഥ്, കച്ചർ, കാംരൂപ് (എം), തീൻസുകിയ, കർബി ആങ്‌ലോങ്, ചിരാങ്, കർബി ആങ്‌ലോങ് വെസ്റ്റ്, മജുലി എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്.















