മുംബൈ: ടി20 ലോകകപ്പ് ജേതാക്കളായ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ഇന്നലെ മുംബൈയിൽ ആദരിച്ചിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ നഗരത്തിനകത്തും പുറത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇതിന് പിന്നാലെ ആരാധകർ അവശേഷിപ്പിച്ച മാലിന്യം മറൈൻ ഡ്രൈവിൽ നിറഞ്ഞിരുന്നു.
എന്നാൽ ഇന്ന് രാവിലെയാകുമ്പോഴേക്കും മറൈൻ ഡ്രൈവ് ക്ലീനാക്കി. സിവിൽ അഡ്മിനിസ്ട്രേഷന്റെ ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾക്കുള്ളിൽ സ്ഥലം വൃത്തിയാക്കുകയായിരുന്നു. രാത്രിയാണ് ഇവർ മിന്നൽ വേഗത്തിൽ ശുചീകരണം പൂർത്തിയാക്കിയത്.കിലോമീറ്ററുകൾ നീണ്ട പ്രദേശം മുഴുവനും വൃത്തിയാക്കിയത് സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്താണ് ‘മുംബൈക്കർ’ തൊഴിലാളികളെ അഭിനന്ദിച്ചത്.
‘മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് ഒരു വലിയ നന്ദി. ലോകകപ്പ് വിജയ പരേഡ് ആഘോഷിച്ച പൗരന്മാർ ഉണരും മുമ്പ്, ശുചീകരണ തൊഴിലാളികൾ മറൈൻ ഡ്രൈവ് പരിസരം വൃത്തിയായി. തലേദിവസം രാത്രി, മറൈൻ ഡ്രൈവ് ഏരിയയിൽ ആയിരക്കണക്കിന് ഷൂസുകളും ചെരിപ്പുകളും കൊണ്ട് ചിതറിക്കിടക്കുകയായിരുന്നു, പുലർച്ചെ വരെ ഈ തൊഴിലാളികൾ മാലിന്യം നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു’. ഇതിനെ കുറിച്ച് മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.